ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി ബിജെപിയുടെ ബി ടീം ആണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ വിമര്‍ശനവുമായി ടിആര്‍എസ് നേതാവും എംപിയുമായ കെ കവിത. ടിആര്‍എസ് ഒരു പാര്‍ട്ടിയുടെയും ബി ടീം അല്ല. ജനങ്ങളുടെ ബി ടീമാണ് ടിആര്‍എസ് എന്ന് കവിത കൂട്ടിച്ചേര്‍ത്തു.
ടിആര്‍എസ് ചിന്തിക്കുന്നത് അടുത്ത തലമുറയെ കുറിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ചിന്തിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും കവിത പറഞ്ഞു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവിന്റെ മകളും നിസാമാബാദില്‍നിന്നുള്ള എംപിയുമാണ് കവിത.
തെലങ്കാനയിലെ ജനസേന- ബിഎസ്പി സഖ്യത്തെയും കവിത രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് സഖ്യമെന്ന് കവിത വിമര്‍ശിച്ചു. പവന് കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയും മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയും ആന്ധ്രയിലും തെലങ്കാനയിലും സഖ്യമായി മത്സരിക്കാന്‍ തീരുമാനമായിരുന്നു. ലോക്സഭാ സീറ്റുകളില്‍ തര്‍ക്കമില്ലെന്നും സ്ഥാനാര്‍ത്ഥി ഉടന്‍ ഉണ്ടാകുമെന്നും മായാവതി പറഞ്ഞു.