ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസിലെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് കുമാര്‍ ശര്മ്മയയും ബിജെപിയില്‍ ചേര്‍ന്നു.
കാര്‍നല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് അരവിന്ദ് കുമാര്‍ ശര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത നില്‍ക്കേ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചെക്കേറുന്നവരുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ മകന് സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് സുജയ് വിഖെ പാര്‍ട്ടി വിട്ടത്. അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സുജയ് വിഖെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
നേരത്തെ കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്കാത്തതിനാല് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിനാലാണ് സീറ്റ് മോഹിയായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.