ന്യൂഡല്‍ഹി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നിലപാട് വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നോട്ടീസ് അയച്ചത്. മാര്‍ച്ച് 25 ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ അരവിന്ദ് കെജ്രിവാള്, കെസി വേണുഗോപാല്‍ തുടങ്ങി 21 രാഷ്ട്രീയ നേതാക്കള്‍ ആണ് ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ഒരു പോളിംഗ് ബൂത്തില്‍ നിര്‍ബന്ധമായും വിവി പാറ്റ് രസീതുകള്‍ എണ്ണുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് പോരാ, 50 ശതമാനം വിവി പാറ്റ് എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 17.4 ലക്ഷം വിവി പാറ്റ് മെഷീനുകളാണ് ഈ തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന് കമ്മീഷന് ഉപയോഗിക്കുന്നത്.