ന്യൂഡല്‍ഹി: രാജ്യമെങ്ങും തെരഞ്ഞെടുപ്പ് പോര് മുറുകുമ്പോള്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ആം ആദ്മിയും ബിജെപിയും പ്രകടനപത്രികകള്‍ പരസ്പരം കത്തിച്ചു.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയെന്ന ബിജെപി വാഗ്ദാനം ഇനിയും യാഥാര്‍ത്ഥ്യമാകാത്തതിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ 2014 ലെ പ്രകടനപത്രിക കത്തിച്ചുകൊണ്ടുള്ള ആം ആദ്മിയുടെ പ്രതിഷേധം. ഡല്‍ഹിയുടെ സംസ്ഥാനപദവിയെക്കുറിച്ച് പ്രകടനപത്രികയിലുള്ള വാഗ്ദാനം പ്രവര്‍ത്തകരെ വായിച്ചു കേള്‍പ്പിച്ച ശേഷമായിരുന്നു കത്തിച്ചത്.
ഡല്‍ഹി പൂര്‍ണ സംസ്ഥാനമാകാതെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ നിലപാട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ തന്റെ ജീവന് ബലികഴിക്കാന്‍ വരെ തയ്യാറാണെന്നും കെജരിവാള്‍ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാതെ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബിജെപി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക കത്തിച്ചത്.
ഡല്‍ഹിക്ക് സംസ്ഥാനപദവിയെന്ന വാഗ്ദാനം ഇപ്പോള്‍ പ്രകടനപത്രികയുടെ ഭാഗമല്ലെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള പരാജയമാണ് കെജരിവാളിന്റെ അസന്തുഷ്ടിക്ക് കാരണമെന്നും അതുകൊണ്ടാണ് തന്നെ ഇത്തരത്തില്‍ കടന്നാക്രമിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതെന്നും തിവാരി മറുപടിയും നല്കി.