ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഴിമതി ആരോപണം തള്ളി കോണ്‍ഗ്രസ്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ വിവിധ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണെന്നും മോഡിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
തൊഴിലില്ലായ്മ ഉള്‍പ്പടെ ഉള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്
സ്മൃതി ഇറാനി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. മോഡിക്കെതിരായ ആരോപണങ്ങള്‍ക്കെതിരെ കവചം തീര്‍ക്കുകയാണ് സ്മൃതിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനി ആരോപണത്തിന് ആധാരമായി പറയുന്ന സ്ഥലം വാങ്ങിയത് 2008ലാണ്. 26 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയാണ് ഹരിയാനയില്‍ ഹസന്പൂര് പാല്‍വരില്‍ 6.4 ഏക്കര്‍ സ്ഥലം വാങ്ങിയതെന്നും, നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ അടച്ച ശേഷമായിരുന്നു ഈ ഇടപാടെന്നും കോണ്‍ഗ്രസ് വിശദമാക്കി.
പ്രവാസി വ്യവസായി സിസി തമ്പി, ആയുധ ഇടപാടുകാരന് സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമുണ്ടെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തില്‍ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു.