പൂനെ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. ഒപ്പം അനന്തരവന്റെ മകനായ പാര്‍ഥ് പവാറിന് സ്ഥാനാര്‍ഥിത്വം നല്‍കിയേക്കുമെന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കണമെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ഥ് പവാറിനെ മാവലില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായും ശരത് പവാര്‍ പറഞ്ഞു. 28 വയസ്സുകാരനായ പാര്‍ഥ് പവാര്‍ ശരത് പവാറിന്റെ മരുമകന് അജിത് പവാറിന്റെ മകനാണ്.
കൂടാതെ പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും ശരത് പവാര്‍ പറഞ്ഞു. ശരത് പവാര്‍ മാധ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.