ന്യൂഡല്‍ഹി: ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. ജിതന്ദര്‍ സിങ് പോവാര് (34), അമിത് (24) എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ബസില്‍ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും നജഫ്ഗഡിലേക്ക് യാത്ര ചെയ്തവര്‍ക്കാണ് പണം നഷ്ടമായത്.
ബസ് യമുന പാലം കടന്നതോടെ ഡ്രൈവറും കണ്ടക്ടരും ചേര്‍ന്ന് വാഹനത്തിന്റെ ഡോറുകള്‍ അടക്കുകയും പണം നല്കാന് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം കവര്‍ന്ന ശേഷം യാത്രക്കാരെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ട് ഇവര്‍ കടന്നുകളയുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന ഏഴ് യാത്രക്കാരാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസെടുത്ത പോലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 4000രൂപയോളമാണ് ഇവര്‍ യാത്രക്കാരില്‍ നിന്നും മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.