തഞ്ചാവൂര്‍: ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാന്‍ കടം വാങ്ങിയ പണം തിരികെ നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് പത്ത് വയസുകാരനെ അമ്മ പണയം വച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയിലാണ് സംഭവം.
ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാനാണ് പണം കടം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മ മകനെ ഒരു വ്യാപാരിക്ക് പണയം വയ്ക്കുകയായിരുന്നു. ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനും കൂടിയാണ് യുവതി മഹാലിംഗ എന്നയാളില്‍ നിന്ന് 36000 രൂപ കടം വാങ്ങിയത്.
പണം തിരിച്ച് നല്കാന് കഴിയാതെയായപ്പോള്‍ കരാര്‍ ജോലി ചെയ്യുന്നതിനായി മകനെ മഹാലിംഗത്തിന് പണയം വയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി മഹാലിംഗത്തില്‍ നിന്നും കുട്ടിയെ മോചിപ്പിച്ചു.
സ്വകാര്യ വ്യക്തിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പത്ത് വയസുകാരന് ജോലി ചെയ്യുന്നുണ്ടെന്ന നോണ്‍പ്രോഫിറ്റ് സംഘടനയുടെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തഞ്ചാവൂരിലെ ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റി.
അഞ്ചാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തിയ കുട്ടി ആട് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഇരുന്നൂറോളം ആടുകളെ പരിപാലിക്കുന്ന കുട്ടിക്ക് കഴിഞ്ഞ രണ്ട് മാസമായി കഴിക്കാന്‍ നല്‍കുന്നത് ഒരു പാത്രം കഞ്ഞി മാത്രമാണ്. അതും രാവിലെ മാത്രം. 24 മണിക്കൂറും ആടിനെ പരിപാലിക്കേണ്ടതിനാല്‍ ഫാമില്‍ തന്നെയാണ് കുട്ടി ഉറങ്ങുന്നതും.