ഹൈദരബാദ്: 32 വയസിനിടെ 12 കൊലപാതകങ്ങള്‍ നടത്തി രാജ്യത്തെ ഞെട്ടിച്ച തെലങ്കാന സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. മുഹമ്മദ് യൂസഫ് പാഷയാണ് അറസ്റ്റിലായത്. വിചിത്രമായ രീതിയിലുള്ള യൂസഫിന്റെ പെരുമാറ്റവും കൊലപാതകങ്ങളുടെ ആസൂത്രണവും രീതിയും പോലീസിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്പേട്ട് മണ്ഡലത്തില്‍ സ്കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. 16ാം വയസ്സിലായിരുന്നു ഇയാളുടെ ആദ്യകൊലപാതകം.
താനൊരു ചിത്രകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും സ്വര്‍ണ നാണയങ്ങള്‍ ഉളള വന്‍നിധിശേഖരം കാണിച്ചു തരാമെന്നും ചുളുവിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ വാങ്ങി തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ഇരയുടെ കണ്ണുകളില്‍ മുളകുപൊടി വിതറും. ശേഷം കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലും.
കൊല നടത്തിയ ശേഷം ആഭരണവും മൊബൈലും പണവും അപഹരിച്ചു കടന്നു കളയുകയും ചെയ്യും. 2017 ല്‍ കൊലക്കേസില്‍ വികരാബാദ് ജില്ലാ പോലീസിന്റെ പിടിയിലായെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതക വിവരങ്ങള്‍ പോലീസില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് പോലീസ് പറയുന്നത്.
രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് പുളിവില്പ്പന നടത്തിയായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. പതിവായി ലഹരി ഉപയോഗിക്കാറുള്ള യൂസഫ് ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
നവാബ്പേട്ട് മണ്ഡലത്തില്‍ സ്കൂളിലെ തൂപ്പുകാരായിരുന്ന രാജനെ കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞ് യൂസഫ് കൊണ്ടു പോകുകയും കൊലപാതകത്തിനു ശേഷം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.
തൂപ്പുതൊഴിലാളിയായ ബാലരാജിന്റെ മൃതദേഹം ഫെബ്രുവരി ഒമ്പതിനാണ് വനത്തിനകത്ത് കണ്ടെത്തിയത്. ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച ഫോണില്‍ സിം ഇന്‍സര്‍ട്ട് ചെയ്തതോടെയാണ് യൂസഫ് പോലീസിന്റെ പിടിയിലായത്. ഇതോടെയാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.