ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം പോയെന്ന് ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. മാത്രമല്ല, അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണന്നും മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്രമോഡിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിലൂടെ ദസോ ഏവിയേഷന്‍ ലാഭം ഉണ്ടായി. ഗ്യാരണ്ടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് മോഡിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക രഹസ്യനിയമത്തിനു പിന്നില്‍ ഒളിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.