ന്യൂഡല്‍ഹി; റാഫേല്‍ ഇടപാടിലെ പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷണം പോയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്തവരുടെ കൈയിലാണോ രാജ്യസുരക്ഷയെന്ന് യെച്ചൂരി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം.
കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച യെച്ചൂരി, ദി ഹിന്ദു പുറത്തുവിട്ട രേഖകള്‍ സത്യമാണെന്ന് സമ്മതിച്ചതിന് കേന്ദ്രസര്‍ക്കാരിന് നന്ദി പറയുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ എഫ്ഐആര്‍ ഇപ്പോള്‍ പൂര്‍ണ്ണമായെന്നും ട്വിറ്ററില്‍ കുറിച്ചു.
റാഫേല്‍ കേസില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കവെയാണ് പ്രതിരോധ രേഖകള്‍ മോഷണം പോയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.