ന്യൂഡല്‍ഹി; പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പാകിസ്താന് ചാനലായ ജിയോ ടിവിയുടെ പരിപാടിയിലാണ് കട്ജുവിന്റെ പരാമര്‍ശം. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ്സ്മാന്‍ഷിപ്പ് പ്രകടിപ്പിച്ചത് ഇമ്രാന് ഖാനാണെന്നും കട്ജു അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാകിസ്താനും ദരിത്ര രാഷ്ട്രങ്ങളായതിനാല്‍ യുദ്ധം താങ്ങാനാകില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കട്ജു വിമര്‍ശിച്ചു. ഇമ്രാന് ഖാന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെയും കട്ജു അഭിനന്ദിച്ചു.
പാക് പിടിയിലായ അഭിനന്ദന് വര്‍ത്തമാനെ വിട്ടയക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ ഇമ്രാന് ഖാനെ പിന്തുണച്ച് നേരത്തെ കട്ജു രംഗത്തെത്തിയിരുന്നു. ഇമ്രാന് ഖാന് എന്ന നേതാവിനെ തനിക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും അഭിനന്ദന് വര്‍ത്തമാനെ വിട്ടയക്കാനുള്ള നടപടിക്ക് ശേഷം താന്‍ ഇമ്രാന് ഖാന് എന്ന നേതാവിനെ അംഗീകരിക്കുന്നുവെന്നാണ് കട്ജു വ്യക്തമാക്കിയത്.
അഭിനന്ദനെ വിട്ടയച്ച നടപടിക്ക് പിന്നാലെ ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യമുന്നയിച്ച് പാകിസ്താനില്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്ന് ആരംഭിച്ചിരുന്നു. പിന്നാലെ പാക് പാര്‍ലമെന്റില്‍ പ്രമേവും അവതരിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹതയെന്ന് ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തിരുന്നു.