വിജയപുര: നിങ്ങള്‍ മന്ത്രിയായിരിക്കാം, പക്ഷെ ഞങ്ങളെ പോലെ നിങ്ങളും ക്യൂവില്‍ നില്‍ക്കണം. ക്യൂവില്‍ നില്‍ക്കാതെ ക്ഷേത്ര ദര്‍ശനം നടത്തിയ കര്‍ണാടക ആഭ്യന്തര മന്ത്രി എംബി പട്ടേലിന് ഉപദേശം നല്കി കോളേജ് വിദ്യാര്‍ഥിനി. വിജയപുരയിലെ അമരഗാനദീശ്വര ശിവ ക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
മഹാശിവരാത്രി ആയതിനാല്‍ ക്ഷേത്രത്തില്‍ തിരക്ക് അധികമായിരുന്നു. നൂറോളം ആളുകളാണ് ദര്‍ശനത്തിനായി ക്യൂവില്‍ നിന്നിരുന്നത്. ഇതിനിടയില്‍ ക്യൂ നില്‍ക്കുന്നവരെ മറികടന്ന് മന്ത്രി ദര്‍ശനം നടത്തി. ഇത് കാണാനിടയായ ക്യൂവില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി മന്ത്രിയെ ഉപദേശിക്കുകയുമായിരുന്നു.
മന്ത്രിയായതിനാല്‍ ക്യൂവില്‍ നില്‍ക്കാതെ ദര്‍ശനം നടത്തരുതായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ മന്ത്രിയായിരിക്കാം, പക്ഷെ ഞങ്ങളെ പോലെ നിങ്ങളും ക്യൂവില്‍ നില്‍ക്കണം. പ്രത്യേക പരിചരണം വേണമെന്ന് പ്രതീക്ഷിക്കരുതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം, എന്തുകൊണ്ടാണ് ക്യൂവില്‍ നില്‍ക്കാതെ പെട്ടെന്ന് ദര്‍ശനം നടത്തിയതെന്ന് വിശദീകരിക്കുകയും മന്ത്രി പെണ്‍കുട്ടിയോട് മാപ്പ് പറയുകയും ചെയ്തു.