ജയ്പൂര്‍: ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളമുയര്‍ത്തിയ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാന്റെ ജീവിതം പാഠ്യവിഷയമാകുന്നു. രാജസ്ഥാന് സര്‍ക്കാരാണ് അഭിനന്ദന്റെ സമര്‍പ്പണ ബോധത്തെയും, ധീരതയെയും, സാഹസികതെയും, പാഠ്യവിഷയമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ഡോട്ടസ്ര ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.
ഫെബ്രുവരി 27ന് വ്യോമാ അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങള്‍ തുരത്തുന്നതിനിടെ മിഗ്-21 വിമാനം തകര്‍ന്നുവീണ് അഭിനന്ദന് പാക് പിടിയിലാവുകയായിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പാകിസ്താന് അഭിനന്ദനെ പിന്നീട് വിട്ടയക്കുകയായിരുന്നു. വ്യോമയാനചരിത്രത്തില്‍ ആദ്യമായി ഒരു എഫ് 16 യുദ്ധവിമാനം മിഗ് 21 ഉപയോഗിച്ച് വെടിവച്ചിട്ട പോരാളിയാണ് അദ്ദേഹം. അതിനിടെ ഭഗവാന് മഹാവീര്‍ അഹിംസ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2.51 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.