ന്യൂഡല്‍ഹി: ബലാക്കോട്ട് ആക്രമണത്തില്‍ എത്ര ഭീകരന് കൊല്ലപ്പെട്ടുവെന്ന് പ്രതികരിക്കാത്ത മോഡിയെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. ബിജെപി അധ്യക്ഷനായ അമിത് ഷാ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നു പറഞ്ഞിട്ടും എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുന്ന ഗുരുവായ മോഡി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മായാവതി പരിഹസിച്ചു.
‘പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമസേനയുടെ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാത്തിന്റേയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഓടിനടക്കുന്ന അദ്ദേഹത്തിന്റെ ഗുരു ഒരക്ഷരം പോലും മിണ്ടുന്നില്ല. തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് ശുഭ വാര്‍ത്ത തന്നെ. എന്നാല്‍ മോഡി തുടരുന്ന മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?’- മായാവതി ചോദിക്കുന്നു.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ‘ലക്ഷ്യ ജീതോ’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കവേയാണ് 250 പേര് കൊല്ലപ്പെട്ടുവെന്ന് അമിത് ഷായുടെ പറഞ്ഞത്. ”ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്താണുണ്ടായത്? പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബലാകോട്ടില്‍ 250 ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ബലാക്കോട്ടിലെ സൈനീക ആക്രമണങ്ങളില്‍ മരിച്ച ഭീകരരുടെ എണ്ണത്തില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്ത് വരുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.
അതേസമയം അമിത് ഷായുടെ പരാമര്‍ശം തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വികെ സിങ് രംഗത്തെത്തിയിരുന്നു. ബലാകോട്ട് വ്യോമാക്രമണത്തില്‍ 250തിലധം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കാണെന്നാണ് വികെ സിങ് വ്യക്തമാക്കിയത്. ഇത് കെട്ടിടത്തിലുണ്ടാകാനിടയുള്ളവരുടെ എണ്ണമാണെന്നും വികെ സിങ് പറഞ്ഞു