മുംബൈ: ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് മക്കളെങ്കിലും വേണമെന്ന നിര്‍ദേശവുമായി അഖിലേന്ത്യാ ജൈന മഹാസഭ. ജൈനമത വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് സംഭവിക്കുന്നതിനെ തുടര്‍ന്നാണ് ദിംഗബര ജൈന മഹിഷ്മതി ജൈന കുടുംബങ്ങളില്‍ മൂന്ന് മക്കളെങ്കിലും വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അഖിലേന്ത്യാ ജൈന മഹാസഭ ‘നാം ഒന്ന് നമുക്ക് മൂന്ന്’ എന്ന മുദ്രാവാക്യം മുന്നോട്ട് വെയക്കുന്നു. ഒരു കുടുംബത്തില്‍ രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്കായി ആനുകൂല്യങ്ങളും ജൈന സമൂഹങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസം സംഘം ഏറ്റെടുക്കുമെന്നും സന്യാസികള്‍ അറിയിച്ചു.
തുടക്കത്തില്‍ ദിഗംബര ജൈന വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധിപ്പിക്കാനും ക്രമേണെ മറ്റുള്ളവരിലേക്ക് സന്ദേശമെത്തിക്കാനുമാണ് ജൈനസഭ പദ്ധതിയിടുന്നത്. ദമ്പതിമാര്‍ക്ക് കൗണ്‍സിലിങ് നല്കി ജൈനമത വിശ്വാസികള്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത് അവസാനിപ്പിക്കാനും സംഘം ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യന്‍ ജനസംഖ്യ 120 കോടിയിലേക്ക് എത്തി നില്ക്കുമ്പോള് നാമമാത്രമായ വളര്‍ച്ച മാത്രമാണ് ജൈനവിശ്വാസികള്ക്കുണ്ടായത്. 2001 ല്‍ 42 ലക്ഷം ജൈനന്മാരാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇത് 2011 എത്തിയപ്പോള്‍ വെറും 44 ലക്ഷം മാത്രമായേ വര്‍ധിച്ചുള്ളൂ. ഇത് പരിഹരിക്കാനാണ് സാന്താനോത്പാദനം പ്രോത്സാഹിപ്പിക്കാന്‍ സഭ ഒരുങ്ങുന്നത്.