ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുന്‍ എംപി സാവിത്രി ഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ വച്ചാണ് സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയതിന് ശേഷമുള്ള പ്രിയങ്കയുടെ എടുത്ത് പറയാവുന്ന നേട്ടമാണ് സാവിത്രി ബായ് ഫൂലെയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചുവെന്നത്. ബറെയ്‍ച് മണ്ഡലത്തിലെ ബിജെപി എംപിയായിരുന്നു സാവിത്രി ഭായ് ഫുലെ. കഴിഞ്ഞ ഡിസംബറിലാണ് ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. ആദിവാസികളുടെയും ദളിതരുടെയും ഇടയില്‍ സ്വീകാര്യതയുള്ള വ്യക്തയാണ് ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ ഫൂലെ. ഫൂലെയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ആദിവാസി , ദളിത് വിഭാഗങ്ങളുടെ ഇടയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉത്തര്‍പ്രദേശിലെ എസ്പി നേതാവ് രാകേഷ് സച്ചനും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് പിടിച്ചാല്‍ ഭരണം പിടിക്കാം. ഈ കണക്കുകൂട്ടലിലാണ് ദളിത്, യാദവ്, ഒബിസി വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.