റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വൈമാനികന് ജീവന് പണയം വച്ച് രാജ്യം സംരക്ഷിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സേനയുടെ പണം അപഹരിച്ച് അംബാനിയുടെ പോക്കറ്റില്‍ നിക്ഷേപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടത്തിയ റാലിയില്‍ സംസാരിക്കവേയായിരുന്നു റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ആവര്‍ത്തിച്ചത്.
നമ്മുടെ രാജ്യത്തെ ഇന്ത്യന്‍ വ്യോമസേന സംരക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി സേനയുടെ പണം അപഹരിച്ചു അംബാനിയുടെ പോക്കറ്റിലിട്ടു. സേനകളുടെ 30,000 കോടി രൂപ മോദി മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.
വ്യവസായികള്‍ക്ക് 3.5 ലക്ഷം കോടി രൂപ വായ്പ ഇളവ് മോഡി അനുവദിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും ഒന്നും നല്‍കിയില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്ക്കും കുറഞ്ഞ വേതനം ഉറപ്പാക്കും. ആ പണം പാവങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.