പഴനി: കഴിഞ്ഞ വര്‍ഷം പഴനി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി നല്കുന്ന മുടി വിറ്റ് കിട്ടിയത് മൂന്നുകോടി രൂപ. വഴിപാടായി നല്കുന്ന മുടി തരംതിരിച്ച് ഓണ്‍ലൈന്‍ വഴിയാണ് വില്പന നടത്തുന്നത്. നീളം കൂടുതലുള്ളതിനാല്‍ സ്ത്രീകളുടെ മുടിക്ക് കൂടുതല്‍ വില ലഭിക്കും. ഒരു സ്ത്രീയുടെ 31 ഇഞ്ച് നീളമുള്ള മുടിക്ക് കഴിഞ്ഞവര്‍ഷം 25,000 രൂപ കിട്ടിയതായി ദേവസ്വം അധികൃതര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍ കൂടുതല്‍ തലമുണ്ഡനം നടക്കുന്നത് പഴനിയിലാണ്. മുണ്ഡന കേന്ദ്രങ്ങളുള്ളത് ശരവണപൊയ്ക, ഷണ്മുഖനദി, മല അടിവാരം, ബാലാജി ജങ്ങ്ഷന്, പഴനി ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപം, വിഞ്ച് സ്റ്റേഷന്, ദണ്ഡപാണിനിലയം കോട്ടേജ്, പാതവിനായകര് ക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലാണ്.
ദേവസ്വം ബോര്‍ഡ് നിയോഗിച്ച 330പേര് രണ്ടു ഷിഫ്റ്റുകളായി മുണ്ഡന കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. മുടി മുണ്ഡനം ചെയ്യാന്‍ ഒരാള്‍ക്ക് 30 രൂപയാണ് നിരക്ക്. ഇങ്ങിനെ ലഭിക്കുന്ന മുടി കുറച്ചുവര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡുതന്നെ ഓണ്‍ലൈനിലൂടെ വില്‍ക്കുകയാണ്. വെളുത്ത, കറുത്ത മുടികളെ വേര്‍തിരിച്ചശേഷമാണ് വില്പന. ക്രമക്കേടുകള്‍ നടക്കാതിരിക്കാന്‍ വീഡിയോ റെക്കോര്‍ഡിങ്ങും ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്.
ഇത് കൂടാതെ വിദേശത്തേക്ക് കയറ്റുമതിചെയ്യുന്ന മുടിക്ക് കൂടുതല്‍ വില ലഭിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുടി മുണ്ഡനം ചെയ്യാനെത്തുന്ന സ്ത്രീക്കും അവര്‍ നിര്‍ദേശിക്കുന്ന രണ്ടുപേര്‍ക്കും ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പ്രത്യേകദര്‍ശനം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ തൈപ്പൂയ്യോത്സവനാളില് 80000 പേരാണ് മുണ്ഡനത്തിനായെത്തിയതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.