ഹൈദരാബാദ്: തങ്ങള്‍ മാത്രമാണ് ദേശസ്നേഹികള്‍ എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ധാരണയെന്ന് നടനും ജനസേന നേതാവുമായ പവന് കല്യാണ്‍. ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി രണ്ടു വര്‍ഷം മുന്‍പ് തന്നോട് പറഞ്ഞിരുന്നതായി പവന് കല്യാണ്‍ വെളിപ്പെടുത്തി.
എന്നാല്‍ യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് ഇന്ത്യക്കും പാകിസ്താനും നാശം വിതയ്ക്കുമെന്നും പവന് കല്യാണ്‍ മുന്നറിയിപ്പ് നല്കി. ‘തങ്ങള്‍ മാത്രമാണ് ദേശസ്നേഹികള്‍ എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ധാരണ. ബിജെപി മാത്രമല്ല ദേശസ്നേഹികള്‍, അവരെക്കാളും പത്തു മടങ്ങ് ദേശസ്നേഹികളാണ് ഞങ്ങള്‍” എന്ന് പവന് കല്യാണ്‍ പറഞ്ഞു.
‘മറ്റ് മതങ്ങളെ പോലെ തന്നെ മുസ്ലീമുകള്‍ക്കും തുല്യ പ്രാധാന്യമാണ് ഇന്ത്യയില്‍ ഉള്ളത്. പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ത്യയില്‍ മുസ്ലീമുകളെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കി. എപിജെ അബ്ദുള്‍ കലാം ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയാണെന്നും’ പവന് കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ അനുജനായ പവന് കല്യാണ്‍, ചിരഞ്ജീവി 2008 ല്‍ രൂപീകരിച്ച പ്രജാരാജ്യം പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പിന്നീട് ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞ് 2014 ല്‍ ജനസേന രൂപകീരിക്കുകയും ചെയ്തു. ആദ്യം ബിജെപിയുമായി സഖ്യത്തിലായിരുന്ന ജനസേന പാര്‍ട്ടി പിന്നീട് വേര്‍പിരിഞ്ഞു.