ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കുള്ളില്‍ പാകിസ്താനി യുവതിയോട് ഇന്ത്യ വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ സ്വദേശിയ വിവാഹം കഴിച്ച് 2005ല്‍ ഇന്ത്യയിലെത്തിയ 37കാരിയോടാണ് ഹൈക്കോടതി രാജ്യംവിട്ട് പോകാന്‍ അറിയിച്ചത്. ഫെബ്രുവരി 22ന് ഉള്ളില്‍ രാജ്യം വിടണം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിന് എതിരെ യുവതി നല്കിയ ഹര്‍ജി കോടതി തള്ളി.
ഭര്‍ത്താവിനും രണ്ട് ആണ്‍കുട്ടികള്‍ക്കും ഒപ്പം ഡല്‍ഹിയിലാണ് യുവതി താമസിക്കുന്നത്. യുവതിക്ക് എതിരെ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ ആചാര്യ കോടതിയെ ബോധിപ്പിച്ചു. കോടതി സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച അപാകതകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി.
എന്നാല്‍ യുവതിക്ക് രാജ്യത്ത് തുടരാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി ഏഴിനാണ് സര്‍ക്കാര്‍ നടപടിക്ക് എതിരെ യുവതിയും ഭര്‍ത്താവും കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28വരെ യുവതിക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.