വാറങ്കല്‍: പ്രണയബന്ധം തകര്‍ന്നതിനെതുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. രാമനാഥപുരം സ്വദേശിയായ ടി രവാലിയെയാണ് കാമുകനായിരുന്ന സയാനിവേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാറങ്കലിലെ വാഗ്ദേവി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന രവാലി സുഹൃത്തായ സയാനിവേഷുമായി ദീര്‍ഘകാലമായി പ്രണയത്തില്‍ ആയിരുന്നു.
ഇരുവരും തമ്മില്‍ അടുത്തയിടെയായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധം തുടര്‍ന്നു കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് രവാലി സയാനിവേഷിനെ അറിയിച്ചെന്നും സഹപാഠികള്‍ വെളിപ്പെടുത്തി. ഇതില്‍ കുപിതനായ സയാനിവേഷ് പെട്രോള്‍ കുപ്പിയുമായി കോളേജിലെത്തുകയും പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമാസക്തനായ യുവാവിനെ കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടി അതീവ ഗുരുതര നിലയിലാണെന്നും പോലീസ് പറഞ്ഞു.