ശ്രീനഗര്‍: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ച കാശ്മീര്‍ സ്വദേശി ഷാ ഫൈസല്‍. എന്‍ഡിടിവിയുടെ ഒരു പരിപാടിയില്‍ വച്ചാണ് അദ്ദേഹം തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി റജിസ്ട്രേഷന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും ഫൈസല്‍ വ്യക്തമാക്കി.
ഷാ ഫൈസല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഫൈസല്‍ ഐഎഎസ് ഉപേക്ഷിക്കുകയായിരുന്നു. ഫൈസല്‍ നേരത്തേ പറഞ്ഞിരുന്നത് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേരുമെന്നാണ്. കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാരാമുളള സീറ്റില്‍ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ടായിരുന്നു.
2010-ലാണ് സിവില്‍ സര്‍വ്വീസസ് പരീക്ഷയില്‍ ഷാ ഫൈസല്‍ ചരിത്രം കുറിച്ചത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഈ ഒന്നാം റാങ്ക് ജേതാവ് കാശ്മീരി യുവത്വത്തിന്റെ പുതിയ പ്രതീകമായാണ് ദേശീയ ശ്രദ്ധ നേടിയത്. ജമ്മു കാശ്മീരില്‍ ജില്ലാ കളക്ടറുടെയും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും ചുമതല വഹിച്ച ഷാ ഫൈസല്‍ പിന്നീട് അവധിയെടുത്ത് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് പോവുകയായിരുന്നു.