ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനായി പുതിയ ഓഫ് റോഡര്‍ വാഹനവുമായി ടാറ്റ മോട്ടോഴ്സ്. ഹമ്മര്‍ മോഡലുകളോട് സാദൃശ്യമുള്ള സ്റ്റൈലിലാണ് പുതിയ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിന്റെ പണിപ്പുരയിലാണ് ടാറ്റ. ലൈറ്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ (LSV) ഒരുങ്ങുന്ന ഈ വാഹനത്തിന്റെ കോഡ് നാമം മെര്ലിന് ആണെന്നാണ് അറിയുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളും മറികടക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഓഫ് റോഡ് യാത്രകള്‍ക്ക് പറ്റിയ വലിയ ടയറുകളുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എക്സ്റ്റീരിയറില്‍ സൈന്യത്തിന്റെ ഗ്രേഡ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ കുടുങ്ങാതിരിക്കാന്‍ മുന്നില്‍ നല്കിയ സ്നോര്‍ക്കര്‍, വിഞ്ച്, പിന്നിലെ സ്പെയര്‍ ടയര്‍, മില്‍ട്ടറി ഗ്രേഡ് ഡോര്‍, ചെറിയ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഗ്ലാസുകള്‍ എന്നിവയും പ്രത്യേകതകളാണ്. 3.3 ലിറ്റര്‍ ലിക്വിഡ് കൂള്‍ഡ് ഡയറക്ട് ഇഞ്ചക്ഷന് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന്റെ ഹൃദയം. 185 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഈ എന്ജിന് സൃഷ്ടിക്കും.
വെടിയുണ്ടകള്‍ ചെറുക്കാനും ഗ്രനേഡ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാനും പ്രാപ്തനായിരിക്കും ഈ വാഹനം. മെഷ്യന് ഗണ്‍ ഉള്‍പ്പടെ ഘടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ ഡിസൈന്‍. യുദ്ധഭൂമിയില്‍ ഭക്ഷണമുള്‍പ്പടെ ശേഖരിച്ച് വെക്കുന്നതിനും ആയുധങ്ങളും മറ്റും സൂക്ഷിക്കാനും പിന്നില്‍ ധാരാളം സ്റ്റേറേജ് സ്പേസുമുണ്ട്.