ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്ക് മാത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനായുള്ള സഖ്യചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയതായും കെജരിവാള്‍ വ്യക്തമാക്കി.
ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുന്നത് സഖ്യചര്‍ച്ചയ്ക്കുള്ള എല്ലാ വാതിലുകളും അടഞ്ഞ സാഹചര്യത്തിലാണെന്ന് കെജരിവാള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കെജരിവാളിന്റെ പുതിയ നിലപാട്.
മോഡി-അമിത് ഷാ കൂട്ടുകെട്ടിലുള്ള കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാനമെന്ന് കെജരിവാള്‍ പ്രതികരിച്ചു. ആം ആദ്മിയുടെ മുഖ്യ പ്രതിയോഗിയായ കോണ്‍ഗ്രസുമായുള്ള സഖ്യചര്ച്ചക്കെതിരെ വിമര്‍ശനവുമായി ധാരാളം പേര് രംഗത്തെത്തിയ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെജരിവാള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിനോടുള്ള സ്നേഹമല്ല, എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് സഖ്യചര്ച്ചയെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ശക്തമായി തിരിച്ചുവരികയും ചെയ്തിരുന്നു.