ചെന്നൈ: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമായി മാറുമെന്ന ആക്ഷേപങ്ങളെ തള്ളി തമിഴ് താരം കമല്ഹാസന്. ബിജെപി എന്നല്ല, ഒരുപാര്‍ട്ടിയുടെയും ബി ടീമാവാന്‍ മക്കള്‍ നീതി മയ്യത്തിന് ഉദ്ദേശമില്ല. തമിഴ്നാടിന്റെ എ ടീമാവുക മാത്രമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന് വ്യക്തമാക്കി. തിരുനെല്‍വേലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിക്കവേയാണ് കമല്ഹാസന് നിലപാട് വ്യക്തമാക്കിയത്.
തികഞ്ഞ ഗാന്ധിയനാണ് താന്‍. മക്കള്‍നീതി മയ്യത്തിന്റെ പിറവിക്ക് പ്രചോദനമായത് ഗാന്ധിയന്‍ ആശയങ്ങള്‍ തന്നെയാണ്. ജനക്ഷേമം മാത്രമാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. മക്കള്‍ നീതി മയ്യം കുതിരക്കച്ചവടം നടത്താന്‍ ഉള്ള പാര്‍ട്ടിയാണെന്ന് ആരും ധരിക്കേണ്ടെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിനുമപ്പുറത്തേക്ക് തനിക്ക് ലക്ഷ്യങ്ങളുണ്ടെന്നും കമല്ഹാസന് പറഞ്ഞു.
മതേതരത്വത്തിലും തമിഴ് സ്വത്വത്തിലും അടിയുറച്ചതായിരിക്കും മയ്യത്തിന്റെ പ്രവര്‍ത്തനം. ദാരിദ്ര്യ നിര്മ്മാര്ജനത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം തമിഴ്മക്കള്‍ക്ക് നല്‍കുകയെന്നതും തന്റെ ലക്ഷ്യമാണെന്നും കമല്ഹാസന് പറഞ്ഞു.