ന്യൂഡല്‍ഹി: വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇനി വില കുറയും. പാര്‍പ്പിടനിര്‍മ്മാണമേഖലയില്‍ നികുതിയിളവ് അനുവദിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് എട്ടുശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മ്മാണത്തിലുള്ള വീടുകള്‍ക്കും ഫ്ളാറ്റുകള്ക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായാണ് കുറച്ചിരിക്കുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നികുതിനിരക്കുകള്‍ പ്രാബല്യത്തില്‍ വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ തീരുമാനം പുത്തന്‍ ഉണര്‍വേകും. കൂടാതെ ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാര്‍ക്കും ഏറെ ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളില്‍ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളില് 90 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്.
നിലവില്‍ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ക്ക് നല്കിയ നികുതി കുറച്ചിട്ട് ബാക്കി നല്കിയാല് മതിയെന്ന ഐടിസി. (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്) വ്യവസ്ഥ ഇനി ഉണ്ടാവില്ല. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനനഷ്ടം ഉണ്ടാകാതിരിക്കാന്‍ നികുതിചോര്‍ച്ച തടയേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഐടിസി ഒഴിവാക്കുന്നതോടെ നിര്‍മ്മാണവസ്തുക്കള്‍ ബില്‍ കൊടുത്ത് വാങ്ങുമോ എന്നതനുസരിച്ചാണ് വരുമാനനഷ്ടം സംഭവിക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങളുടെ ഫലപ്രദമായ ഇടപെടലാണ് നികുതി കുറയ്ക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 45 ലക്ഷംവരെയുള്ള വീടുകള്‍ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍വചനത്തില്‍ വരുന്നത് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.