ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ക്കായി പുറപ്പെടുവിച്ച 75,000 കോടി രൂപയുടെ പദ്ധതിക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കര്‍ഷക പദ്ധതിയുടെ ഉദ്ഘാടനം നടന്നതിന് പിന്നാലെയാണ് ട്വീറ്റര്‍ പേജിലൂടെ ചിദംബരം മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന പദ്ധതി വോട്ടിനുവേണ്ടിയുള്ള കൈക്കൂലിയാണെന്നാണ് ചിദംബരത്തിന്റെ ആരോപണം. ‘ഇന്നാണ് ‘വോട്ടിനായുള്ള പണം’ ദിവസം. വോട്ടിന് വേണ്ടി ഔദ്യോഗികമായി 2,000 രൂപ വീതം ഇന്ന് ബിജെപി സര്‍ക്കാര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കും.’ ജനാധിപത്യ രാജ്യത്ത് വോട്ടിനായി കൈക്കൂലി നല്കുന്നതിനെക്കാള് ലജ്ജാകരമായ മറ്റൊന്നില്ലെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടുന്നില്ലെന്നത് നാണക്കേടാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
പദ്ധതിപ്രകാരം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ട് നല്‍കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ എത്തിക്കുന്നത്. ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2,000 രൂപ ഏതാണ്ട് ഒരു കോടി കര്‍ഷകര്‍ക്ക് ഡിജിറ്റലായി നേരിട്ട് എത്തിക്കും.
Today is the 'Cash for Vote' day.
— P. Chidambaram (@PChidambaram_IN) February 24, 2019