ന്യൂഡല്‍ഹി; വാട്ട്സാപ്പ് വഴിയുള്ള ഭീഷണി/അസഭ്യ സന്ദേശങ്ങള്‍ക്ക് പൂട്ട് വീഴ്ത്താനൊരുങ്ങി ടെലികോം മന്ത്രാലയം. ഇപ്പോള്‍ അനാവശ്യ വാട്ട്സാപ്പ് സന്ദേശങ്ങളെ കുറിച്ച് നേരിട്ട് പരാതിപ്പെടാന്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് ടെലികോം മന്ത്രാലയം.
കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയര്‍ത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍
ccaddndot@nic.in എന്ന ഈമെയിലിലേക്ക് അയച്ചാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷന്‍ കണ്ട്രോളര് ആഷിഷ് ജോഷി ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.