ന്യൂഡല്‍ഹി: ചൈനയില്‍ 24 മണിക്കൂറിനിടെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറില്‍ സൃഷ്ടിക്കപ്പെടുന്നത് 450 തൊഴിലവസരങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ യുവാക്കളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
തൊഴിലില്ലായ്മ മൂലം രാജ്യത്തെ യുവാക്കള്‍ പ്രതിസന്ധി നേരിടുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. ചൈന അതിവേഗം വളരുകയാണ്. ചൈനയില്‍ 24 മണിക്കൂറിനിടെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറില്‍ സൃഷ്ടിക്കപ്പെടുന്നത് 450 തൊഴിലവസരങ്ങളാണ്. ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഈ വിഷയം ഗൗരവമായി കാണാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. യുവാക്കളുമായി ആശയവിനിമയം നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം കാഴ്ചപ്പാടുകള്‍ മറ്റുള്ളവരോട് പങ്കുവെക്കുന്നതിന് പകരം യുവാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റഫാല്‍, തൊഴിലില്ലായ്മ, അഴിമതി എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ താന്‍ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും രാജ്യത്തെ സമ്പത്ത് മുഴുവന്‍ ചുരിക്കം ചിലരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.