ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പാക്കിസ്താനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്ട്രോള് സെന്ററിലാണു ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫോണ്‍ സന്ദേശത്തില്‍ പറയുന്നത് ഇന്ന് വിമാനം റാഞ്ചുമെന്നാണ്. ഇതേത്തുടര്‍ന്ന് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്കി.
ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ കനത്ത ആശങ്കയിലാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇതെന്നതും അശങ്കയ്ക്ക് ആക്കം കൂട്ടുന്നു. മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധനാ സംവിധാനം കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.