കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരികളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുവെന്നാണ് കൊല്‍ക്കത്ത സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിച്ചത്.
പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിനെ അപലപിച്ച് പെണ്‍കുട്ടി എഴുതിയ പോസ്റ്റില്‍ കാശ്മീരികളുടെ അവസ്ഥയും അവരുടെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പെണ്‍കുട്ടിയോട് രാജ്യം വിടണമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി ഉയര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഫേസ്ബുക്കിലെ ചിത്രങ്ങളുമായി പെണ്‍കുട്ടിയുടെ വീട് അന്വേഷിച്ച് എത്തിയതായും സമീപത്തെ കടക്കാരന് പോലീസിനോട് വെളിപ്പെടുത്തി. പുറത്തിറങ്ങാന്‍ പേടിയായതോടെ പെണ്‍കുട്ടിയുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ നല്‍കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.