ന്യൂഡല്‍ഹി: സേവനത്തിനിടെ കൊല്ലപ്പെടുന്ന സൈനികരുടേയും അര്‍ധസൈനികരുടേയും പേരിനൊപ്പം രക്ഷതസാക്ഷിയെന്നോ ഷഹീദെന്നോ ചേര്‍ത്ത് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഷേക് ചൗധരി എന്ന അഭിഭാഷകന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്റ്റിസ് വികെ റാവോ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2016 ലും ഇതേ ആവശ്യവുമായി ഹര്ജിക്കാരന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ വിഷയത്തിലെ പ്രധാന ഹര്‍ജി ഒരു തവണ തള്ളിയിട്ടും ഉപഹര്‍ജിയുമായി വന്ന അഭിഭാഷകന്റെ നടപടി നിര്‍ഭാഗ്യകരമായി പോയെന്ന് ചൊവ്വാഴ്ച്ച ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.