ന്യൂഡല്‍ഹി: ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ ഇന്ത്യ-സൗദി തീരുമാനം. ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.
സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ആവശ്യമാണെന്നും അവരെ ശിക്ഷിക്കണമെന്നും. തീവ്രവാദത്തില്‍ നിന്ന് യുവാക്കളെ അകറ്റേണ്ടതുണ്ടെന്നും സൗദിക്കും ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ദൃഢബന്ധത്തിലെ പുതിയ അധ്യായമായിരിക്കും സന്ദര്‍ശനമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. സൗദി-ഇന്ത്യ ബന്ധം രക്തത്തില്‍ അലിഞ്ഞതാണെന്നും, ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും വ്യക്തമാക്കി. ടൂറിസം, ഭവന നിര്‍മാണം, വാര്‍ത്താ പ്രക്ഷേപണം തുടങ്ങി പ്രതിരോധ – വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.