ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷകണക്കിന് ആധാര്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ എല്ലാവര്ക്കും പരിശോധിക്കാന്‍ കഴിയും വിധം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ആധാര്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന 11000 ഡീലര്‍മാരുടെ ഡേറ്റയാണ് ചോര്‍ന്നത്.
പേജ് ലോഗിന്‍ ചെയ്യാതെ തന്നെ ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് പ്രമുഖ ഐടി സ്ഥാപനമായ ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര്‍ നമ്പറുകള്‍ക്ക് പുറമേ ഉപഭോക്താക്കളുടെ പേരും വിവരങ്ങളും ഇതൊടൊപ്പം കാണാന്‍ സാധിക്കുന്ന രീതിയിലാണ്.
ഏകദേശം 58 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി ടെക് ക്രഞ്ച് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല. ആധാര്‍ നമ്പറുകള്‍ സുരക്ഷിതമാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.