ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള കാശ്മീര്‍ സ്വദേശികള്‍ക്ക് നേരേ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജമ്മു കാശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന സംസ്ഥാന സര്‍ക്കാരുകളും ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നല്കി.
കഴിഞ്ഞദിവസം ഹരിയാണയിലും ഡെറാഡൂണിലും കാശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരേ വ്യാപക അക്രമമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീടുകളില്‍നിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ട്.
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികള്‍ പലഭാഗത്തും അക്രമത്തിനിരയാകുന്നത് ചൂണ്ടിക്കാട്ടി അവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. കാശ്മീരിന് പുറത്തുള്ള കാശ്മീര്‍ സ്വദേശികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെടണമെന്ന് കാശ്മീര്‍ പോലീസും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കാശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.