കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിനു വന്ന വീഴ്ചയുടെ ഫലമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തണമെന്നും മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തെന്നും രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദിച്ചു. കുറഞ്ഞപക്ഷം ദേശീയ ബഹുമതിയുടെ ഭാഗമായി ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണമെന്നും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണമെന്നും മമത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും മമത ചോദ്യം ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണെന്നും എങ്ങനെ ഇത്രയധികം ജവാന്മാര് കൊല്ലപ്പെടാനിടയായെന്നും ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയെന്നും മമത ചോദിച്ചു.
സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷമമായ അന്വേഷണം വേണമെന്നും മറ്റു സൈനികര്‍ക്ക് ആത്മവീര്യം നല്‍കുന്നതിന് ശക്തമായ നടപടിയെടുത്തേ തീരൂവെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇത് യഥാര്‍ത്ഥത്തില്‍ ഒരു രഹസ്യാന്വേഷണ പരാജയമാണെന്നും തനിക്കറിയുന്ന നിരവധി സൈനികരുമായി സംസാരിച്ചെന്നും രഹസ്യാന്വേഷണപരാജയമാണെന്ന് അവരെല്ലാം ഉറപ്പിച്ചു പറയുന്നുവെന്നും എന്തുക്കൊണ്ട് ഇത്രയധികം വാഹനങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചുവെന്നുമുള്ള ചോദ്യങ്ങള്‍ മമത ഉന്നയിച്ചു.