ന്യൂഡല്‍ഹി: സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരെ മാത്രമല്ല വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കേണ്ടതെന്നും സമൂഹത്തിന്റെ നാനാതുറകളില്‍ പ്രാഗല്ഭ്യം പ്രകടിപ്പിച്ചവരെ കൂടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. കോടതിയുടെ ഈ നിരീക്ഷണം വിവരാവകാശ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ലോകേഷ് ബത്ര, അമൃത ജോഹ്റി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ്.
ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ എകെ സിക്രി, അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ്. ഹര്‍ജിക്കാര്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് 23500 അപ്പീലുകളും പരാതികളുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നതെന്ന് കോടതിയില്‍ ബോധിപ്പിച്ചു. ഉന്നതപദവിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടേതെന്നും മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനത്തിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന പ്രക്രിയക്ക് സമാനമായ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണര്‍മാരുടെയും നിയമനത്തില്‍ സുതാര്യത ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമനത്തിന്റെ നടപടിക്രമങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.