പൂനെ: കാണാതായ വിവരാവകാശ പ്രവര്‍ത്തകന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വിനായക് ഷിര്‍സാത്ത് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ലാവസായിലെ മുത്തയില്‍ നിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നു.
പൂനെയില്‍ വെച്ച് കഴിഞ്ഞമാസം 30നാണ് വിനായകനെ കാണാതായത്. അടുത്ത ദിവസം തന്നെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നഗരത്തില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ച് പ്രതികരിച്ചതിനെ തുടര്‍ന്ന് വിനായകനെതിരെ ഭീഷണി ഉയര്‍ന്നതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ഈ മാസം അഞ്ചിന് വിനായകിനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പുതിയ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.