ന്യൂഡല്‍ഹി: എഞ്ചിനില്ലാത്തതും രാജ്യത്തെ ഏറ്റവും വേഗമേറിയതുമായ വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ട്രെയിന്‍ ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റെയില്‍വെ പുറത്തു വിട്ടു.
പൂര്‍ണമായും എസി കോച്ചുകളാണ് വന്ദേഭാരത് ട്രെയിനിലുള്ളത്. ന്യൂഡല്‍ഹിക്കും വാരാണസിക്കും ഇടയില്‍ കാണ്‍പുരിലും അലഹബാദിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും ഡല്‍ഹിയില്‍ നിന്നു വാരാണസി വരെ ചെയര്‍ കാര്‍ ക്ലാസിന് 1850 രൂപയും എക്സ്ക്ലുസീവ് ക്ലാസിന് 3,520 രൂപയുമാണ് ഈടാക്കുക.
തിരിച്ചു വരുമ്പോള്‍ ഇതു യഥാക്രമം 1,795 രൂപയും 3,470 രൂപയുമായിരിക്കും. ശതാബ്ദിയെക്കാള്‍ 1.5 മടങ്ങ് അധികമാണ് വന്ദേ ഭാരതിന്റെ ചെലവ്. ന്യൂഡല്‍ഹി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും.
ചെയര്‍ കാറില്‍ സഞ്ചരിക്കുന്നവരില്‍ നിന്ന് 344 രൂപ ഈടാക്കും. വാരാണസിയില്‍ നിന്നും ഡല്‍ഹിക്കുള്ള സര്‍വീസില്‍ യഥാക്രമം 349 രൂപയും 288 രൂപയുമാകും ഈടാക്കുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററിയില്‍ 97 കോടി രൂപ ചെലവില്‍ 16 കോച്ചുകള്‍ ഉള്‍പ്പെടുത്തി 18 മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചത്.