ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ കള്ളന്മാര്ക്ക് ചാകരയായതായി റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെ റോഡ് ഷോ കാണാനായി തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തിനിടയില്‍ കള്ളന്മാര് അവരുടെ ജോലി കൃത്യമായി ചെയ്തു. 50 ലേറെ മൊബൈല്‍ ഫോണുകള്‍ സമ്മേളന സ്ഥലത്ത് വച്ച് നഷ്ടപ്പെട്ടുവെന്നാണ് പോലീസില്‍ ലഭിച്ച പരാതി.
പാര്‍ട്ടി വക്താവ് ജീഷന് ഹൈദരുടെയും അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റിന്റെയും ഫോണുകളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നുണ്ട്. മോഷ്ടാവെന്ന് സംശയിക്കുന്നവരില്‍ ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇയാളില്‍ നിന്നും പഴ്സും മൊബൈലുകളും കണ്ടെത്തിയതായും പ്രവര്‍ത്തകര്‍ പറഞ്ഞു. വിമാനത്താവളം മുതല്‍ പാര്‍ട്ടിയുടെ ആസ്ഥാനം വരെയായിരുന്നു പ്രിയങ്കയും സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുലും നയിച്ച റോഡ് ഷോ.