ന്യൂഡല്‍ഹി: പ്രവാസികളായ പുരുഷന്മാര് വിവാഹം നടന്ന് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുതിയ വ്യവസ്ഥയുമായി വിദേശകാര്യ മന്ത്രാലയം. വിവാഹത്തട്ടിപ്പ് കേസുകള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര് ഇന്ത്യാക്കാരിയെയോ, പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ഇന്ത്യക്കാര്‍ തമ്മില്‍ വിദേശത്ത് വച്ച് നടക്കുന്ന വിവാഹത്തിനും പുതിയ രജിസ്ട്രേഷന് ചട്ടങ്ങള്‍ ബാധകമാണ്.
വിദേശ വിവാഹ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസര്‍ മുമ്പാകെ വേണം രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍. വിവാഹ രജിസ്ട്രേഷന് വ്യക്തമാക്കുന്ന ബില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതിനും സമന്‍സ് നല്കി കോടതി നടപടികളിലേക്ക് കടക്കുന്നതിനും ബില്‍ അധികാരം നല്‍കുന്നുണ്ട്.