ന്യൂഡല്‍ഹി: ജോലി ലഭിക്കാത്തതില്‍ നിരാശനായ യുവാവ് ഫ്ളൈ ഓവറില്‍ നിന്നും ചാടി ജീവനൊടുക്കി. സൗരഭ്(30) എന്ന യുവാവാണ് മരിച്ചത്. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മേല്‍പ്പാലത്തില്‍ നിന്നും ഇയാള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സൗരഭിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബി ടെക് വരെ പഠിച്ചിട്ടും ജോലി കിട്ടാത്തതില്‍ താന്‍ നിരാശനാണെന്നും അതിന്റെ മാനസിക വിഷമം ഉണ്ടെന്നും ഇതില്‍ പറയുന്നു. ബിഹാര്‍ സ്വദേശിയാണ് സൗരഭ്. രണ്ട് മാസം മുമ്പാണ് ഇയാള്‍ ജോലി തേടി ഡല്‍ഹിയില്‍ എത്തിയത്. ഏറെ അന്വേഷിച്ചിട്ടും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ഇയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മയെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു.