ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസം 3000 രൂപ പെന്ഷന് ഉറപ്പാക്കുന്ന ‘പ്രധാനമന്ത്രി ശ്രം യോഗി മന്ധന് പദ്ധതി’യില്‍ 40 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ചേരാനാവില്ല. പദ്ധതിസംബന്ധിച്ച് കേന്ദ്ര തൊഴില്‍മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
40 കോടിയോളം തൊഴിലാളികളാണ് അസംഘടിതമേഖലയിലുള്ളത്. ഇവരില്‍ 10 കോടി തൊഴിലാളികള്‍ക്ക് പെന്ഷന് ആനുകൂല്യം ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. കൂടാതെ പെന്ഷന് ലഭിക്കുന്നയാള്‍ മരിച്ചാല്‍ ജീവിതപങ്കാളിക്കു മാത്രമേ കുടുംബ പെന്ഷന് ലഭിക്കുകയുള്ളൂവെന്നും മക്കള്‍ക്ക് ഇതിനര്ഹതയില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഈമാസം ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. മാസ വരുമാനം യില്‍ 15,000 രൂപയില്‍ താഴെയുള്ള 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. 60 വയസ്സു മുതലാണ് പെന്ഷന് ലഭിക്കുക. കൂടാതെ പദ്ധതിയില്‍ ചേരുന്ന അന്നുമുതല്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ വിഹിതം അടയ്ക്കണം.
ആധാര്‍നമ്പറും സേവിങ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ദേശീയ പെന്ഷന് പദ്ധതിയിലോ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലോ ഇഎസ്ഐ പദ്ധതിയിലോ അംഗങ്ങളായവര്‍ക്ക് ഇതില്‍ ചേരാനാകില്ല.