കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പശ്ചിമബംഗാളില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷന്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാല്‍ഗുരി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
സത്യജിത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വെടിയേല്‍ക്കുന്ന സമയം സത്യജിത്തിനൊപ്പം സംസ്ഥാന മന്ത്രി രത്ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്തയും ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങല്‍ റിപ്പോര്‍ട്ടുചെയ്തു.
അടുത്തിടെയാണ് 37 കാരനായ സത്യജിത് ബിശ്വാസ് വിവാഹിതനായത്. സംഭവസ്ഥലത്ത് വെച്ച് അദ്ദേഹത്തിനുനേരെ തൊട്ടടുത്തുനിന്ന് നിരവധി തവണ അക്രമി നിറയൊഴിച്ചുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.