മുംബൈ: റാഫേലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന. റാഫേല്‍ കരാറിനായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
ഓരോ ഇന്ത്യക്കാരനും റാഫേലില്‍ തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെന്നും മുഖപത്രം പറയുന്നു. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകുമെന്നും നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്ന മുഖപ്രസംഗം ചോദിച്ചു.
കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ ഹിന്ദു ദിനപത്രം മോഡി പാര്‍ലമെന്റില്‍ റാഫേല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ബിജെപി പറയുന്നത് മുഴുവന്‍ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണെന്നും രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായി? എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.
കാവല്ക്കാരന് കള്ളനാണ് എന്നത് രാജ്യമെമ്പാടും പ്രസിദ്ധമായെന്നും അതിന് കാരണം കോണ്‍ഗ്രസല്ലെന്നും മറിച്ച് കാര്യങ്ങള്‍ മറച്ചുവെക്കുന്ന മോഡിയുടെ രീതികൊണ്ടാണ് അതിന് ഇത്ര പ്രചാരം കിട്ടിയതെന്നും മുഖപ്രസംഗം പറയുന്നു. അതിനാല്‍ രാജ്യത്തെ ഓരോ പൗരനും കൃത്യമായ ഉത്തരം കിട്ടുന്നത് വരെ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമെന്നും മോഡി പറയുന്നത് ബിജെപിയെ വിമര്‍ശിക്കൂ, മോഡിയെ വിമര്‍ശിക്കൂ, പക്ഷേ രാജ്യത്തെ വിമര്‍ശിക്കരുത് എന്നാണെന്നും ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് മോഡി ഭക്തന്മാര് വിശദീകരിക്കണെന്നും മുഖപ്രസംഗം പറയുന്നു.