ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തി. ശബരിമലയിലേത് ആചാരത്തിന്റെ വിഷയവും അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയവുമാണെന്നും വിശ്വാസവും ആചാരവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിഷയം ആചാരം ആധുനിക ഭരണഘടനാമൂല്യങ്ങളോടു ചേര്‍ന്നു പോകുന്നില്ല എന്നതാണെന്നും എന്നാല്‍ അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസമാണ് അയോധ്യയിലേതെന്നും അതിനാലാണ് ഒരുകൂട്ടം ആളുകള്‍ ആ ഭൂമിയില്‍ അവകാശവാദമുന്നയിക്കുന്നതെന്നും ചിദംബരം വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് സാധാരണക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും എങ്ങനെ തനിക്ക് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു.