ബംഗളൂരു: ഓപ്പറേഷന് കമലയുമായി എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി. കര്‍ണാടക നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഇത്. അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന് ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണമാണ്.
നരേന്ദ്ര മോഡി കള്ളപ്പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. ഇതിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവരണമെന്നും പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് പാര്‍ലമെന്റില്‍ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിയോ ടേപ്പ് പുറത്തുവിടാന്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചത് തന്റെ ഔദ്യോഗിക വസതിയിലാണ്.
ഇതിനിടയില്‍ അഭിഭാഷകനായ ആര്‍എല്‍എന്‍ മൂര്‍ത്തി യെദ്യൂരപ്പയ്ക്കും മല്ലേശ്വരം എംഎല്‍എയും ബിജെപി നേതാവുമായ അശ്വത് നാരായണിനുമെതിരെ പോലീസില്‍ പരാതി നല്കി. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയി എന്നാണ് പരാതി.