ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രമാണന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലവിലെ എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടെന്നും മുന്‍പു രണ്ടില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടവരെ ഒഴിവാക്കുമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും പുതുമുഖങ്ങളെ രംഗത്തിറക്കണമെന്നും രാഹുല്‍ പറഞ്ഞു. രാജ്യസഭാ എംപിമാരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കില്ലെന്നും ബന്ധുക്കള്‍ കൂട്ടമായി മത്സരിക്കുന്നത് ഒഴിവാക്കാനും എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം എംഎല്‍എമാര്‍, രാജ്യസഭാ എംപിമാര്‍ എന്നിവരുടെ കാര്യത്തില്‍ ഇളവനുവദിക്കുമെന്നും 20-ന് അകം സ്ഥാനാര്‍ത്ഥി പട്ടികയ്ക്കു സ്ക്രീനിങ് കമ്മിറ്റികള്‍ രൂപം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നും പ്രചാരണം വിലയിരുത്താന്‍ കേന്ദ്രതലത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
യോഗത്തില്‍ പ്രിയങ്ക ഗാന്ധിയെ രാജ്യത്തുടനീളം താരപ്രചാരകയാക്കണമെന്നു ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനത്തിനുള്ള വാഗ്ദാനം എത്തിക്കുന്നതിന് പരമാവധി പ്രചാരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ ആണ് ബിജെപിക്കെതിരായ പ്രചാരണായുധമാക്കുക.
യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പ്രിയങ്ക ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി പദമേല്പ്പിച്ചതില് രാഹുലിനെ നന്ദി അറിയിച്ച പ്രിയങ്ക, യുപിയില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാന്‍ അക്ഷീണം പ്രയത്നിക്കുമെന്ന് ഉറപ്പു നല്കി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പിസി ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.