ഭോപ്പാല്‍: അമ്പലങ്ങളില്‍ പൂജാരിമാരാകണമെങ്കില് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും മദ്യവും കഴിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി കമല്‍നാഥ് സര്‍ക്കാര്‍. മധ്യപ്രദേശിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള അമ്പലത്തില്‍ പൂജാരിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് വേറിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യം എന്നിവ ഉപയോഗിക്കുന്നവരാകാന് പാടില്ലെന്നതിന് പുറമെ പൂജാരിമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാവരുതെന്നും സര്‍ക്കാര്‍ പറയുന്നു. 18 വയസിന് മുകളിലുളളവരും പൂജാകാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്ന് സ്ഥാപിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുളളവര്ക്കും പൂജാരി തസ്തികയിലേക്ക് അപേക്ഷിക്കാം.
എട്ടാംക്ലാസ് വരെയുളള അടിസ്ഥാന വിദ്യാഭ്യാസം,ശാരിരീകക്ഷമത അടക്കമുളള വ്യവസ്ഥകളും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പൂജാരിമാരുടെ ഹോണറേറിയം കമല്‍നാഥ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ശമ്പളത്തിന് പകരം ചെയ്യുന്ന ജോലിക്കുളള പ്രതിഫലമായ ഓണറേറിയം ആയിരം രൂപയില്‍ നിന്ന് 3000 രൂപയായാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് പൂജാരിമാരുടെ നിയമനവുമായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.